Open Space

27 Jul 2020 21:10 PM IST

Santa VJ

ലജ്ജിച്ചു തല താഴ്ത്തുക ! എന്തിനാണ് ഈ സാക്ഷരത ?

കോവിഡ് മൂലം മരണമടഞ്ഞയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കോട്ടയത്തുണ്ടായ പ്രതിഷേധം കൊടും ക്രൂരതയും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്. നമ്മുടെ കോവിഡ് ബോധവല്ക്കരണ ശ്രമങ്ങളുടെ പരാജയം വ്യക്തമാക്കുന്നതാണ് ഈ സംഭവം.

സമ്പൂർണ സാക്ഷരത എന്നാൽ അജ്ഞത എന്നാണോ അർത്ഥം?

നോക്കൂ, ശവങ്ങൾ റോഡിൽ തുപ്പാറില്ല.

മാസ്ക് താടിയിലേക്കു താഴ്ത്തിയിട്ട് സംസാരിക്കാറില്ല.

വഴിവക്കിൽ മൂത്രമൊഴിക്കാറില്ല. ഉപയോഗിച്ച മാസ്കുകൾ റോഡിലേക്ക് വലിച്ചെറിയാറില്ല.

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാറില്ല.

ജീവനുള്ള ദേഹമാണ് മേൽപ്പറഞ്ഞ രീതിയിലൊക്കെ കോവിഡ് പകർത്തുന്നത്.

 

അടിയന്തരമായും ശവസംസ്കാര മാനദണ്ഡങ്ങൾ മാധ്യമങ്ങൾ വഴി ജനങ്ങളെ ബോധ്യപ്പെടുത്തണം. ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ മുഖേന ഇവ ഓരോ വീടുകളിലുമെത്തിക്കണം. നിശ്ചയമായും ജനങ്ങളെ താഴേക്കിടയിൽ നിന്ന് ബോധവൽക്കരിക്കണം..
അവർക്ക് മനസ്സിലാകുന്ന ലളിത ഭാഷയിൽ. ബ്രേക് ദ ചെയിൻ, സോഷ്യൽ ഡിസ്റ്റൻസിംഗ്, ക്ലസ്റ്റർ, കണ്ടൈൻമെൻ്റ് സോൺ,
സാനിറ്റൈസർ, ക്വാറൻ്റീൻ, റിവേഴ്സ് ക്വാറൻ്റീൻ തുടങ്ങിയ വായിൽ ക്കൊള്ളാത്ത വാക്കുകൾ എത്ര മനുഷ്യർക്കു മനസ്സിലാവും.?

 

ഭാഷ മാറണം. ഏതു നിരക്ഷരനും (അക്ഷരമറിയുന്നവരെല്ലാം പണ്ഡിതരല്ല) മനസ്സിലാവുന്ന പച്ചമലയാളത്തിൽ വീടുവീടാന്തരം ഓൺലൈൻ ക്ലാസുകളുടെ കൂടെ ഇതു കൂടി പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

 

കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന സംഭവങ്ങൾ നമ്മുടെ സാക്ഷരതയുടെ, പ്രത്യേകിച്ച് കോവിഡ് രോഗത്തെക്കുറിച്ചുള്ള അവബോധത്തിൻ്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. ഇതുവരെ നടത്തപ്പെട്ട കോവിഡ് ബോധവത്കരണ രീതികളുടെ പരാജയമായി, ജനങ്ങളിൽ ഉണ്ടായിരിക്കുന്ന അകാരണമായ ഭീതിയെ കാണണം.

 

ജീവനുള്ള മനുഷ്യ ശരീരത്തിലെ കോശങ്ങളിൽ മാത്രമേ ഈ വൈറസിന് ജീവിക്കാനും പെരുകാനും കഴിയൂ. ജീവിച്ചിരിക്കുന്നവരിൽ നിന്നേ കോവിഡ് പകരൂ.  രോഗം പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്.

 

മരണത്തോടെ മണിക്കൂറുകൾക്കുള്ളിൽ രോഗിയിലെ വൈറസുകളും ചത്തു കഴിഞ്ഞിരിക്കും, അവ മറ്റുള്ളവരിലേക്ക് പകർന്ന് രോഗമുണ്ടാക്കാൻ ഒരു സാധ്യതയുമില്ല. സംസ്കരിച്ച സ്ഥലത്തു നിന്ന്  വായുവിലൂടെയോ മണ്ണിലൂടെയോ വെള്ളത്തിലൂടേയോ സമീപ സ്ഥലങ്ങളിലേക്ക് ഒരിക്കലും രോഗബാധ ഉണ്ടാവില്ല.

 

രോഗം മൂലം മരണപ്പെട്ടവരുടെ മൃതദേഹത്തോടുള്ള അവഹേളനം ഗുരുതരമായ മനുഷ്യാവകാശനിഷേധം തന്നെയാണ്. നാം സകല വിധ കോവിഡ്- 19 സാമൂഹ്യ നിയമങ്ങളും കാറ്റിൽ പറത്തി, അവയ്ക്കു പുല്ലുവില കൽപ്പിക്കാതെ നിയമലംഘനം നടത്താറുണ്ട്.
കൂട്ടം കൂടാറുണ്ട്. യാതോരു ഭയമോ, ഉളുപ്പോ ഇല്ലാതെ സകല മാമാങ്കങ്ങളിലും കിടന്ന് വിരകാറുണ്ട്. അപ്പോഴൊന്നുമില്ലാത്ത ജാഗ്രതയും ഭയഭാവാഭിനയങ്ങളും ശവശരീരത്തിനു മുന്നിൽ കാട്ടിക്കൂട്ടുന്നത് ആരെക്കാണിക്കാനാണ് ?
കഷ്ടം! മനുഷ്യരാണത്രേ!

 

കോവിഡ് മൂലം മരിച്ചു എന്ന കാരണത്താൽ ഒരാളുടെ സംസ്കാരം തടയുന്നത് കൊടും ക്രൂരതയാണ്. അജ്ഞത സൃഷ്ടിക്കുന്ന അവിവേകമാണ് ഇത്തരം മനുഷ്യത്വശൂന്യമായ പെരുമാറ്റങ്ങൾക്കു പിന്നിൽ.

 

മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോക്കോളുണ്ട്. ഓരോ മൃതശരീരവും ആശുപത്രികളിൽ നിന്ന് വളരെയേറെ ശ്രദ്ധയോടെയാണ് കൈമാറുന്നത്. ഒരു രീതിയിലും സ്രവങ്ങൾ പുറത്തെത്തില്ല എന്നുറപ്പിക്കാൻ പ്ലാസ്റ്റിക് ബാഗിലാണ് കൈമാറുന്നത്. ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തിൽ നിന്ന് വൈറസ് പകരില്ല എന്നു ചുരുക്കം. എങ്കിലും മൃതശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അത്രയും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.

 

ഏതു പകർച്ചവ്യാധി ആകട്ടെ, പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമാണ് ദഹിപ്പിക്കുക എന്നത്. എന്നിട്ടും മൃതശരീരം സംസ്കരിക്കുന്നത് തടയുകയാണെങ്കിൽ, നമ്മൾ ജീവിക്കാനേ അർഹരല്ലന്നു കരുതണം. ഒടുവിൽ പോലീസ് ഫോഴ്സ് ഉപയോഗിച്ച് മണ്ണിൽ തന്നെ സംസ്കരിക്കേണ്ടി വന്നത്  സാക്ഷര കേരളത്തിന് നാണക്കേട്‌. അറിവും തിരിച്ചറിവും രണ്ടാണ്. ഔസേപ്പും, ശാരദയും, അബ്ദുറഹിമാനും
കൊറോണയ്ക്ക് ഒന്നുപോലെ തന്നെ. മരണം വന്ന് തലയിൽ കയറി നിരങ്ങുമ്പോഴും ജാതിമതചിന്തകൾ ! ഒരു സ്ത്രീ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞുകേട്ടു. അതവരുടെ കുറ്റമല്ല. ഒന്നിലധികം സംഭവങ്ങൾ ആവർത്തിച്ചിട്ടും ബോധവൽക്കരണം നടത്താതെ പോയത് നമ്മുടെ തെറ്റ്. അതാണ് കോട്ടയത്ത് കണ്ടത്. അറിവില്ലായ്മയെ ചൂഷണം ചെയ്യേണ്ട സമയമല്ല ഇത്.

 

കൂടിയ താപനിലയിൽ നശിച്ചുപോകുന്ന വൈറസ് ചാരത്തിലൂടെ പറന്ന് രോഗം പകരുമെന്ന് ചിന്തിക്കാൻ മാത്രം ഇത്ര ജാഗരൂകരായിരുന്നു നാമെങ്കിൽ നമ്പർ രണ്ടക്കത്തിനപ്പുറം കടക്കില്ലായിരുന്നു.  പക്ഷേ അതിപ്പോൾ നാലക്കത്തിലെത്തി.

 

ബോധവൽക്കരണമുണ്ടാവേണ്ടത് സമാന്തരമായി നടക്കുന്ന ഭീതി പരത്തൽ ചൂഷണത്തിനെതിരെയാണ്. അല്ലങ്കിൽ മരണങ്ങൾ കൂടുന്തോറും ജനങ്ങൾ നിയമം കൈയ്യിലെടുക്കും. കൊറോണയേക്കാൾ അപകടകരമാണത്. അതൊരു സ്റ്റിഗ്മയായി മാറി സമൂഹത്തിൽ സമൂലം പടരുന്നത് കനത്ത പ്രത്യാഘാതം ഉണ്ടാക്കും..  വാക്സിനില്ലാത്ത പകർച്ച വ്യാധി.


Santa VJ