Kerala News

16 Oct 2018 20:20 PM IST

ശബരിമലയിൽ പോലീസ് ആക്ഷൻ ക്ഷണിച്ചു വരുത്താൻ നീക്കം

ശബരിമലയിൽ തുലാമാസ പുജകൾക്കായി നട തുറക്കുമ്പോൾ സുപ്രീം കോടതി വിധി അനുസരിച്ച് ക്ഷേത്ര ദർശനത്തിനെത്തുന്ന സ്ത്രീകളെ തടയാൻ വിവിധ സംഘപരിവാർ സംഘടനകൾ തയ്യാറെടുക്കുയാണ്.

ശബരിമലയിൽ തുലാമാസ പുജകൾക്കായി നട തുറക്കുമ്പോൾ സുപ്രീം കോടതി വിധി അനുസരിച്ച് ക്ഷേത്ര ദർശനത്തിനെത്തുന്ന സ്ത്രീകളെ തടയാൻ വിവിധ സംഘപരിവാർ സംഘടനകൾ തയ്യാറെടുക്കുയാണ്. എങ്ങനെയും ശബരിമലയ്ക്കുള്ളിൽ ഒരു പോലീസ് ആക്ഷനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസ്സും ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിക്കുന്നത്. ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ പമ്പയിലോ പുറത്തു മറ്റെവിടെയെങ്കിലുംവച്ചോ തടയേണ്ടതില്ലെന്നാണ് തീരുമാനം. ശബരിമലയ്ക്കുള്ളിൽ ആയിരക്കണക്കിന് ആളുകൾ ചേർന്ന്, സന്ദർശനത്തിനെത്തുന്ന സ്ത്രീകളെ തടയുകയും കടുത്ത സംഘർഷം സൃഷ്ടിക്കുകയുമാണ് ഉദ്ദേശ്യം. എത്ര പോലീസുകാരെ വിന്യസിച്ചാലും ഒരു സ്ത്രീക്കും മുന്നോട്ടു കടക്കാനാവാത്ത സ്ഥിതിയുണ്ടാക്കാനാണ് പരിപാടി. ശബരിമലയ്ക്കുള്ളിൽ വെടിവയ്പോ, കുറഞ്ഞത് ലാത്തിച്ചാർജെങ്കിലുമോ ഉണ്ടായാൽ തങ്ങൾ ജയിച്ചുവെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

 

എൻ.ഡി.എ നടത്തിയ പദയാത്രയ്ക്ക് വൻജനപങ്കാളിത്തമുണ്ടായതും എൻ.എസ്.എസ് സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതും തുഷാർ വെള്ളാപ്പള്ളിയും എസ്.എൻ.ഡി.പി യിലെ ഒരു വിഭാഗവും കൂടെയുള്ളതും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നല്കുന്നുണ്ട്. ശബരിമലയിൽ ഉണ്ടാകുന്ന ഏതു പോലീസ് നടപടിയും തങ്ങൾക്ക് രാഷ്ട്രീയമായി ലാഭമുണ്ടാക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. സംഘപരിവാർ സംഘടനകളുടെ പദ്ധതിയനുസരിച്ച് തന്നെ കാര്യങ്ങൾ നടക്കുമെന്ന് ഉറപ്പു വരുത്തുന്നതിലാണ് ബി.ജെ.പി- ആർ.എസ്.എസ് നേതാക്കൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ശബരിമലയിൽ എത്തുന്നതിനു മുമ്പ് വഴിയിലെങ്ങും ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയരുതെന്ന്‌ പ്രവർത്തകർക്ക് കർശന നിർദ്ദേശം നല്കിയിട്ടുണ്ട്. മുകളിൽ നിന്നുള്ള നിർദ്ദേശം വയ്ക്കാതെ സ്ത്രീകൾക്ക് നേരേ ശബരിമലയ്ക്ക് പുറത്തു വച്ച് ആക്രമണമുണ്ടാവാനുള്ള സാധ്യത ബി.ജെ.പി- ആർ.എസ്.എസ് നേതാക്കൾ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇത്രയും ദിവസത്തെ തങ്ങളുടെ കഠിനാദ്ധ്വാനം വെറുതെയാകമെന്ന് അവർക്കറിയാം.

 

വളരെ ശ്രദ്ധയോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പോലീസും നീങ്ങുന്നത്. ഒരു തരത്തിലുള്ള പ്രകോപനവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അതേസമയം പ്രകോപനമുണ്ടായാൽ കർശനമായി നേരിടുകയും ചെയ്യും. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ വനിതാ പോലീസിനെ നിയോഗിക്കും. നട തുറക്കുന്നതിനു മുമ്പായി പ്രധാനപ്പെട്ട നേതാക്കളില്‍ ചിലരെ കരുതല്‍ എന്ന നിലയില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുകയാണ്. രാഹുല്‍ ഈശ്വര്‍, പത്തനംതിട്ടയില്‍ ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത അഭിഭാഷകന്‍ തുടങ്ങിയവരുടെ പേരില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുന്നതും ആലോചനയിലുണ്ട്. ശബരിമലയില്‍ കുഴപ്പമുണ്ടാക്കാനെത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സജീവമാണ്. തുലാമാസപ്പൂജകള്‍ ഒരു തടസ്സവുമില്ലാതെ നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ദേവസ്വം ബോഡ്.