11:53 AM IST
തിരുവനന്തപുരം നഗരസഭയിൽ മേയർക്കുനേരെ നടന്ന ആക്രമണത്തിലും തുടർന്ന് സി.പി.എം പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലും ബിജെപി സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയും ആർ.എസ്.എസ്സും ചേർന്ന് സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്. സംഘർഷം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടാകുകയും കരിക്കകത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം നഗരസഭ മേയറെ ആക്രമിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനം കടന്നുപോകവെ ആണ് കരിയ്ക്കകത്ത് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയായിരുന്നു മേട്ടുക്കട കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ചിനിടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പി.കൃഷ്ണപിള്ള പ്രതിമയുടെ ചില്ലും ജനല്‍ ചില്ലും തകര്‍ന്നു. സംഘർഷം നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയോ എന്ന് സർക്കാർ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്നാൽ തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് മേധാവി പറഞ്ഞു