Columns

06 Dec 2018 16:00 PM IST

Reporter-Leftclicknews

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കീഴാള സംഘടനകളും കൈകോർത്തു സമരം ചെയ്തവർ

ഭരണഘടനയെ സംരക്ഷിക്കുകയാണ് ഇന്നത്തെ പരമപ്രധാനമായ ഉത്തരമാദിത്വമെന്ന് കേരള പുലയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സർക്കാർ മുൻകൈയിൽ രൂപീകരിച്ച സംഘാടക സമിതിയുടെ കൺവീനറുമായ പുന്നല ശ്രീകുമാർ. ഡോ.ബി.ആർ.അംബേദ്കറുടെ ചരമവാർഷികദിനത്തിൽ പുന്നല ശ്രീകുമാർ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

ഭൂതകാലത്തിന്റെ അനുഭവങ്ങളും വര്‍ത്തമാനകാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും ഭാവിയുടെ സ്വപ്നങ്ങളും ഉള്‍ക്കൊണ്ടാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത്. എന്റെ ജനതയുടെ മോചനം സാധ്യമായില്ലെങ്കില്‍ ഒരു വെടിയുണ്ടയില്‍ ജീവിതം അവസാനിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഡോ.ബി.ആര്‍.അംബേദ്കറുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കടമ കീഴാള സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ വിധ്വംസകശക്തികളില്‍ നിന്നുണ്ടാകുമ്പോള്‍ വെറുതേ നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ടാണ് കേരളത്തിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ശബരിമലയുടെ പേരില്‍ ഭരണഘടനയ്‌ക്കെതിരായി നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കണമെന്ന് പുലയര്‍ മഹാസഭ തീരുമാനിച്ചത്. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി രാജ്യത്തെ നിയമമയാണ്. അത് അനുസരിക്കില്ല എന്നു പറയുന്നത് ഭരണഘടനയെയും രാജ്യത്തെ നിയമവാഴ്ചയെയും അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ്. ആ വെല്ലുവിളി നാം ഏറ്റെടുത്തേ മതിയാകൂ.

 

രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തിലെ നവോത്ഥാന മുന്നേറ്റമുണ്ടായത്. മറ്റു സംസ്ഥാനങ്ങളില്‍ സവര്‍ണ്ണ വിഭാഗങ്ങളിലെ ഉല്പതിഷ്ണുക്കളുടെ മുന്‍കയ്യില്‍ നടന്ന സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നവോത്ഥാനമെന്ന് അറിയപ്പെടുന്നതെങ്കില്‍ കീഴാള ജനത, ജാതി മേധാവിത്വത്തിന് എതിരേ സമത്വത്തിനു വേണ്ടി നടത്തിയ വലിയ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് കീഴാള പ്രസ്ഥാനങ്ങളാണെങ്കിലും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഉല്പതിഷ്ണുക്കളുടെ സഹകരണവും പിന്തുണയും അതിനുണ്ടായിരുന്നു.

 

വൈക്കം സത്യാഗ്രഹം കീഴാള സംഘടനകളും മറ്റു വിഭാഗങ്ങളില്‍ പെട്ടവരും ഒന്നിച്ചു നിന്നു നടത്തിയ സമരമാണ്. എസ്.എന്‍.ഡി.പി യോഗവും പുലയര്‍ മഹാസഭയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കൈകോര്‍ത്ത് പിടിച്ചുകൊണ്ട് എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പുലയര്‍ മഹാസഭയും എസ്.എന്‍.ഡി.പി യോഗവും ഒന്നിച്ചു നടത്തിയ സമരമാണ് പാലിയം സമരം. കാലഘട്ടത്തിന്റെ ചരിത്രപരമായ ആവശ്യം തിരിച്ചറിയുന്നതുകൊണ്ടാണ് ഇന്ന് വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഈ സംഘടനകളും ഒന്നിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായ സ്വാഭാവിക പ്രക്രിയയാണ് അത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കീഴാള പ്രസ്ഥാനങ്ങളും ഒന്നിച്ചണിനിരക്കുന്നു എന്നത് . വിധ്വംസകശക്തികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

 

സമൂഹത്തിന്റെ താല്പര്യമാണ് സമുദായത്തിന്റെ താല്പര്യം എന്നു മനസ്സിലാക്കിക്കൊണ്ടുള്ള നിലപാടാണ് പുലയര്‍മഹാസഭ സ്വീകരിച്ചത്. നവോത്ഥാന പ്രസ്ഥാനത്തെക്കുറിച്ചും നമ്മുടെ കഴിഞ്ഞ കാലങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് വ്യക്തമായ ധാരണകളുണ്ടാകേണ്ടതുണ്ട്. നവോത്ഥാന ചരിത്രം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഞങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ജനുവരി 1 ന്റെ വനിതാ മതിലോടെ നവോത്ഥാന സംഘടനകളുടെ പ്രവർത്തനം അവസാനിക്കുകയല്ല. ശരിക്കും പുതുവര്‍ഷദിനത്തിലെ വനിതാമതില്‍ ഒരു തുടക്കം മാത്രമാണ്.


Reporter-Leftclicknews