12:45 PM IST
തോമസ് ചാണ്ടിയുടെ രാജിയില്‍ കലാശിച്ച സംഭവ വികാസങ്ങളെക്കുറിച്ച് സി.പി.ഐയും സി.പി.എമ്മും തമ്മില്‍ നിലനില്‍ക്കുന്ന വാദപ്രതിവാദങ്ങളില്‍ സി.പി.ഐ നിലപാടുകളെ നിശിതമായി വിമര്‍ശിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതു മുന്നണിയെ ദുര്‍ബ്ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താല്ക്കാലിക ആശ്വാസം നല്‍കുന്നതുമാണെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഒപ്പ് വെച്ച് ജനയുഗം മുന്‍പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന് മറുപടി പറയാനാണ് ശ്രമിക്കുന്നതെങ്കിലും അതിനിടയില്‍ തോമസ് ചാണ്ടി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരേ ഗുരുതരമായ ആരോപണം എഡിറ്റോറിയല്‍ ഉന്നയിക്കുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ യു.ഡി.എഫിനെ പ്രതിരോധിക്കാന്‍ ഒരു കൂട്ടം മാധ്യമങ്ങള്‍ കുറച്ചു ദിവസമായി നടത്തുന്ന ശ്രമത്തിനൊപ്പമാണ് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ന്നു വന്നത് എന്നത് എഡിറ്റോറിയലില്‍ പറയുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ എഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവരുന്നത് ഓഗസ്റ്റ് തുടക്കത്തിലാണ്. എഷ്യാനെറ്റ് ന്യൂസ് തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരുമ്പോള്‍ തന്നെ മറ്റു മാധ്യമങ്ങളും ഈ പ്രശ്‌നം ഏറ്റെടുക്കുകയുണ്ടായി. സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സെപ്റ്റംബര്‍ 26 നാണ്. സെപ്റ്റംബര്‍ 26 ന് സമര്‍പ്പിക്കുന്ന ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കി എഷ്യാനെറ്റ് ന്യൂസും മറ്റു മാധ്യമങ്ങളും തോമസ് ചാണ്ടിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി എന്ന സൂചനയാണ് ദേശാഭിമാനി നല്‍കുന്നത്. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ തീരെ ഗൗരവമില്ലാത്തവയെന്ന നിലയിലാണ് എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് എഡിറ്റോറിയല്‍ പറയുന്നു. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്കെതിരായ പരാതി മുഖ്യമന്ത്രിക്ക് നല്‍കാതെ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് നല്‍കിയ റവന്യൂമന്ത്രിയുടെ നടപടിയെയും ദേശാഭിമാനി വിമര്‍ശിക്കുന്നു. തോമസ് ചാണ്ടി പ്രശ്‌നത്തില്‍ മാധ്യമങ്ങളെയും സി.പി.ഐയെയും പ്രതിസ്ഥാനത്തു നിറുത്തുന്ന ദേശാഭിമാനി, തോമസ് ചാണ്ടി ഗുരുതരമായ ഭരണഘടനാ ലംഘനം നടത്തി എന്ന ഹൈക്കോടതിയുടെ കുറ്റപ്പെടുത്തലിനെ, "ഹൈക്കോടതിയില്‍ നിന്ന് ചില പരാമര്‍ശങ്ങളുണ്ടായി" എന്ന രീതിയില്‍ ലഘൂകരിക്കുകയാണ് ചെയ്യുന്നത്. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി മൃദുസമീപനം സ്വീകരിക്കുന്നതിനെതിരേ സി.പി.എം അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍, പാര്‍ട്ടി സമ്മേളന കാലയളവില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.