Open Space

14 Jul 2020 23:00 PM IST

Santa VJ

രാജഭക്തി എന്ന അശ്ലീലം

ജനങ്ങളുടെ പക്കൽ നിന്നും പിരിച്ചെടുത്ത് അറകളിൽ സൂക്ഷിച്ചു വച്ച വിവിധ ലോഹ നാണയങ്ങളല്ലാതെ ഒരു ചില്ലിക്കാശുപോലും രാജകുടുംബം തൊഴിലെടുത്തു, അധ്വാനിച്ച് സമ്പാദിച്ചതായി അറിവില്ല. രാജഭക്തി അശ്ശീലമാണ്.

ഏതൊരു രാജാവിൻ്റെയും വരുമാന മാർഗ്ഗം പ്രജകളുടെ വിയർപ്പായിരുന്നു.കൊട്ടാരങ്ങളുടെയും ദന്തഗോപുരങ്ങളുടേയും മൂലക്കല്ലുകളിൽ മനുഷ്യരക്തം പുരണ്ടിരിക്കുന്നു. നിലവറകളിലൊളിപ്പിച്ച രത്നങ്ങളിൽ മനുഷ്യരക്തം മണക്കുന്നു. പട്ടിണികളിൽ അടിമത്തങ്ങളിൽ അവരുടെ രക്തം ഉപ്പായി. പിന്നെ സ്വർണ്ണമായി മാറി.മനുഷ്യരെ അടിമകളാക്കി ചന്തയിൽ വിലപേശി വില്പന നടത്തിയിരുന്ന കാലഘട്ടത്തിലാണ്, തകർക്കാനാവാത്തത്ര ഉറപ്പുള്ള കൊട്ടാരങ്ങൾ പിറവി കൊണ്ടിട്ടുള്ളത്. രാജകൊട്ടാരങ്ങളോടൊപ്പം തന്നെ സ്വന്തമായ ദൈവങ്ങളെയും അവർ സൃഷ്ടിച്ചെടുത്തിരുന്നു.

 

അടിമയായിരിക്കുന്നത് ഒരു സുഖമാണ്. ചേറ്റിൽ കിടന്നുരുളുന്നത് പന്നികൾക്ക് സുഖകരമാണ്. അടിയൻ എന്നു പറഞ്ഞ് വളഞ്ഞു നിൽക്കുന്നതും ശിരസ്സുകൾ ബലിക്കല്ലുകളുടെ ദാഹം ശമിപ്പിക്കുന്നതും വാളുകൾ ചുവക്കുന്നതും രാജനീതിയായിരുന്നു. മനുഷ്യർ ഉണ്ടായ കാലം മുതൽക്കേ അവരുടെ ചിന്തകൾ പലവിധ ചുറ്റികയടികൾക്കും (Hammering) വിധേയമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഭരിച്ചിരുന്നവരോടുള്ള പേടിയായിരുന്നിരിക്കണം ആദ്യം വളർന്ന വികാരം. അത്തരം വികാരങ്ങളിൽ നിന്നാവണം മത, ദൈവ, രാജ ഭരണാധികാരങ്ങൾ ഉടലെടുത്തത്. ഇവയെല്ലാം കൂടിക്കുഴഞ്ഞ് കെട്ടഴിക്കുന്തോറും ചുറ്റുപിണഞ്ഞു കിടക്കുന്ന ഒരു അബോധതലം മനുഷ്യനിൽ രൂപപ്പെട്ടിട്ടുണ്ട്. ഒരു വലിയ ഐസ് മല കടൽവെള്ളത്തിലാണ്ടു കിടക്കുന്നതു പോലെയാണ് അബോധതലം കാഴ്ചക്കപ്പുറത്തെ അഗാധങ്ങളിലേക്ക് വേരാഴ്ത്തി നങ്കൂരമിട്ടു കിടക്കുന്നത്. ഈ അബോധ നങ്കൂരമാണ് മനുഷ്യജീവിയുടെ ചലനോർജ്ജം. ഈ കളക്റ്റീവ് അൺ കോൺഷ്യസിൽ അടക്കം ചെയ്തിരിക്കുന്നത് സഹസ്രാബ്ദങ്ങളുടെ ചരിത്രമാണ്.

 

ഭൂതകാലത്തിലേക്കാണ്ടു കിടക്കുന്നവയാണ് മനുഷ്യൻ്റെ ചിന്താ തലങ്ങളിൽ അറുപത് ശതമാനവും. നാടോടിക്കഥകളായി, ഇതിഹാസങ്ങളായി, മുത്തശ്ശിക്കഥകളായി രാജാവും, രാജകുമാരനും, രാജകുമാരിയും, തട്ടിക്കൊണ്ടു പോകുന്ന ഭൂതങ്ങളും..പിന്നെ അവതാരത്തിലൂടെത്തി രക്ഷപ്പെടുത്തുന്ന ദൈവങ്ങളും എല്ലാം ഒരു ചലച്ചിത്രത്തിലെന്ന വിധം ഒരു വ്യക്തിയുടെ കല്പനകളിലൂടെ സഞ്ചരിച്ച് കടലിന്നടിയിലെ നിധി കാക്കുന്ന ഭൂതങ്ങളാകുന്ന, ഭൂതകാലങ്ങളിലേക്കെത്തി അവിടെ പത്തി താഴ്ത്തിക്കിടക്കുന്നു. അതാണ് ഇന്നും നാം കാണുന്ന രാജഭക്തി.

 

കേരളത്തിലെ രാജാക്കൻമാർ മറ്റു നാട്ടുരാജാക്കൻമാരെ അപേക്ഷിച്ച് ധനാഢ്യർ ആയിരുന്നില്ല എന്ന് കേരള ചരിത്രം പഠിക്കാൻ ശ്രമിച്ചിട്ടുള്ളവർക്ക് അറിയാം. ജനങ്ങളുടെ പക്കൽ നിന്നും പിരിച്ചെടുത്ത് അറകളിൽ സൂക്ഷിച്ചു വച്ച വിവിധ ലോഹ നാണയങ്ങളല്ലാതെ ഒരു ചില്ലിക്കാശുപോലും രാജകുടുംബം തൊഴിലെടുത്തു, അധ്വാനിച്ച് സമ്പാദിച്ചതായിട്ടറിവില്ല. അവ തലമുറയിൽ നിന്നും തലമുറയിലേക്കു കൈമാറി കൂത്തും കൂത്തമ്പലങ്ങളും കൂത്തച്ചികളുമായി . സുഖഭോഗങ്ങളിലാറാടി ജീവിതം നയിച്ചവരാണധികവും. തൊട്ടുകൂടായ്മയും അയിത്തവും നിർമ്മിച്ച് നിലനിർത്തിപ്പോന്നിരുന്നത്പുലയനാവാൻ തരമില്ല.

 

അന്ന് മാറി ചിന്തിച്ചവർ തന്നെയാണ് ഇന്നു കാണുന്ന ജനാധിപത്യത്തിന്നു വഴിമരുന്നിട്ടവർ, അവർ ഇല്ലായിരുന്നുവെങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം സ്വപ്നം കാണാനാകുമായിരുന്നില്ല. സാധാരണ ആരാധനാലയങ്ങളുടെ ആസ്തി പോലെ ലളിതമായിക്കാണാവുന്നതല്ല രാജകുടുംബങ്ങളിലെയും അവരുടെ കൈവശമുള്ള അമ്പലങ്ങളിലെയും ആസ്തികൾ. അത്, ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിൻ്റേതാവാൻ തരമില്ല. കാരണം രാജാവ് ടാക്സ് പിരിച്ചെടുത്തിരുന്നത് നാനാജാതി പ്രജകളിൽ നിന്നായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച സ്വത്തുക്കളാണ് സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ രൂപത്തിൽ നിലവറകളിൽ അടക്കം ചെയ്തിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ ആക്രമണം ഭയന്നാകാം ആസ്തികൾ അജ്ഞാതനിലവറകളിൽ ഒളിപ്പിച്ചത്. തലമുറകൾ കടന്നു പോയെങ്കിലും, രാജഭരണം അവസാനിച്ചെങ്കിലും സ്വത്ത് ജനങ്ങളുടേതു തന്നെ. രാജാവിനെക്കാളും വലിയ രാജഭക്തിയും, ഇപ്പോഴും മനസ്സുകളിൽ പേറി നടക്കുന്ന ചാതുർവർണ്ണ്യവും മനുസ്മൃതിയും അശ്ലീലമാണ്..


Santa VJ