Open Space

11 Jul 2020 20:30 PM IST

Dr M Kabir

സ്വർണ്ണക്കടത്തും മാധ്യമങ്ങളുടെ ഭീകരവാദവും

സ്വർണ്ണക്കടത്ത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാൽ ഭീകരവാദമായി കണക്കാക്കേണ്ടതാണെന്ന് എൻഐഎ പറഞ്ഞതിനെ, 'കള്ളക്കടത്തിന് ഭീകരബന്ധം' എന്നാണ് ഒരു പ്രധാന പത്രവും അവരുടെ ചാനലും റിപ്പോർട്ട് ചെയ്തത്. മാധ്യമ മര്യാദയുടെ ലംഘനമാണ് ഇതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ നിരീക്ഷകനുമായ ഡോ.എം കബീർ.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടന്ന സ്വർണക്കടത്തിനെ മാധ്യമങ്ങൾ പൈങ്കിളിക്കഥകളാക്കി അവതരിപ്പിക്കുന്നതാണ് ആദ്യദിവസങ്ങളിൽ കണ്ടത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സ്ഥിതി മാറി. മാധ്യമ മത്സരത്തിന്റെ കാലത്ത് പുതിയ ഭാഷ്യങ്ങൾ ഏറ്റവും സെൻസേഷനലായി എങ്ങനെ അവതരിപ്പിക്കാം എന്നാണു ചില മാധ്യമങ്ങളെങ്കിലും അന്വേഷിക്കുന്നത്.

 

സ്വർണക്കടത്തിന് 'ഭീകര ബന്ധം' എന്നാണ് ഇന്നലെ മുതൽ മലയാളത്തിലെ പ്രധാനപ്പെട്ട ഒരു ചാനൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതേ ചാനൽ മുതലാളിമാർ നടത്തുന്ന പത്രത്തിന്റെ ഇന്നത്തെ മുഖ്യ തലക്കെട്ടിലും ഇതു തന്നെ ആവർത്തിച്ചിരിക്കുന്നു. ദേശീയ സുരക്ഷാ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ടിനെയാണ് വാർത്താകാരന്മാർ കൂട്ടുപിടിക്കുന്നത്.

 

ദേശീയ അന്വേഷണ ഏജൻസി പറഞ്ഞ കാര്യങ്ങൾക്ക് ഇത്തരത്തിൽ തെറ്റായ ഭാഷ്യം ചമയ്ക്കുമ്പോൾ മാധ്യമങ്ങൾ പുലർത്തേണ്ട സാമാന്യ മര്യാദയും മാധ്യമധർമവുമാണ് കാറ്റിലെറിയപ്പെടുന്നത്.

 

എന്താണ് എൻഐഎ പറഞ്ഞത്?

 

നാല് വ്യക്തികൾക്കെതിരായി ദേശീയ സുരക്ഷാഏജൻസി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎപി നിയമത്തിന്റെ15, 16, 17, 18 വകുപ്പുകൾ പ്രകാരമാണ്. സ്വർണക്കടത്തിനെ ഭീകരവാദവുമായാണ് എൻഐഎ ബന്ധിപ്പിക്കുന്നത്. അവർ ഇത് വ്യക്തമാക്കുന്നുമുണ്ട്. വ ൻതോതിലുള്ള സ്വർണക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്നതായതിനാൽ ഇത്തരത്തിലുള്ള പ്രവർത്തനം യുഎപിഎ സെക്ഷൻ 15 ന്റെ വിവക്ഷയിലുള്ള ഭീകരവാദമായി കണക്കാക്കാവുന്നതാണെന്നാണ് എൻഐഎ പറഞ്ഞിട്ടുള്ളത്. ഇതിനെ ഭീകരബന്ധമായി ചിത്രീകരിക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് വ്യക്തം.

 

തങ്ങളുടെ ഇടപെടലിനെ ന്യായീകരിച്ചു കൊണ്ട് എൻഐഎ പറയുന്നത് "as the proceeds of smuggled gold could be used for financing terrorism in India, the agency has taken up the investigation of the case" എന്നാണ്. ഇതിനെ തർജമ ചെയ്താൽ എങ്ങനെയാണ് ഭീകര ബന്ധം എന്നാവുക ? ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ റിപ്പോർട്ടിങ് വരുന്നത് എന്ന് കരുതുക പ്രയാസം. അഥവാ അങ്ങനെയാണെങ്കിൽ ഈ മാധ്യമങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജമ ചെയ്യുന്നതിനായി ഭാഷാ പ്രാവീണ്യമുള്ള ആളുകളെ അടിയന്തരമായി നിയമിക്കേണ്ടതാണ്. ഏതായാലും ഒന്ന് മാത്രം. ആടിനെ പട്ടിയാക്കരുത്; പട്ടിയെ പേപ്പട്ടിയും.


Dr M Kabir