Film Review

05 Jan 2019 03:45 AM IST

ഞാൻ പ്രകാശനും ശ്രീനിവാസന്റെ കൃഷിയും

ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമ, കേരളം ആർജ്ജിച്ച പുരോഗതിക്കുമുന്നിൽ തിരിഞ്ഞുനില്ക്കലാണ്.

സത്യൻ അന്തിക്കാടിനും ശ്രീനിവാസനും കൃഷിയെക്കുറിച്ചുള്ള ഉപരിപ്ലവമായ ധാരണകളും കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞതയും മലയാളികളോടുള്ള ശ്രീനിവാസന്റെയും സത്യൻഅന്തിക്കാടിന്റെയും പുച്ഛവുമാണ് "ഞാൻ പ്രകാശൻ" എന്ന ചലച്ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ഒരു പണിയും എടുക്കാതെ പെട്ടെന്ന് പണക്കാരനാവാൻ ശ്രമിക്കുന്ന യുവാവിന്റെ വേഷമാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രത്തിന്റേത്.

 

യൂവാക്കളെല്ലാം പാടത്തിറങ്ങി പണിയെടുക്കണം എന്നതാണ് കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രീനിവാസനുള്ള നിർദേശം. ഇത് ശ്രീനിവാസന്റെ മാത്രം കാഴ്ചപ്പാടല്ല. സ്വന്തം മകന് 50 ലക്ഷം മുതൽ ഒരു കോടി വരെ ചെലവാക്കി എയ്ഡഡ് കോളേജുകളിലും സ്കൂളുകളിലും വൈറ്റ് കോളർ ജോലി വാങ്ങികൊടുക്കാൻ ശ്രമിക്കുന്ന ഓരോ ആളും പറയുന്നത് അന്യന്റെ മക്കൾ പാടത്തിറങ്ങണമെന്നാണ്.. കൃഷിയെ കേരളം ഒരു ഉപജീവന മാർഗമായി മാത്രമല്ല കാണുന്നത്. ഇവിടെ ഇത് ഒരു സംസ്കാരമാണ്. അതുകൊണ്ട് തന്നെ അതിലെ ലാഭനഷ്ടങ്ങൾ രണ്ടമത്തെ ഘടകം മാത്രമാണ്.

 

കേരളത്തിൽ കൃഷി ചെയ്ത് ജീവിക്കാൻ കഴിയുമോ ? കേരളത്തിൽ ഒരേക്കർ വസ്തുവിനുള്ള വിലയാണോ ആന്ധ്രയിലെ വസ്തുവിന്റെ വില? അതാണോ പഞ്ചാബിലെ വില ? ഒരുകോടി രൂപയ്ക്കു വാങ്ങുന്ന ഒരേക്കർ വസ്തുവിൽ 15 കൊല്ലം റബ്ബർ കൃഷി നടത്തിയാൽ എത്ര രൂപ ലാഭം ഉണ്ടാക്കാൻ കഴിയും ? ഇത്തരം അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിച്ചാൽ തീരാവുന്ന ഒരു ചീട്ടു കൊട്ടാരമാണ് കൃഷിയെക്കുറിച്ചുള്ള മലയാളിയുടെ പൊതുബോധം. 1950 ൽ നിന്ന് തിരിഞ്ഞു 2018 ലേക്ക് നോക്കുമ്പോൾ കേരളം ആർജിച്ചെടുത്ത കഴിവ് നമ്മുടെ 'പർച്ചേയ്‌സിംഗ് കപ്പാസിറ്റി' ആണ്. ആന്ധ്രയിൽ നിന്ന് അരി എത്തിയില്ലെങ്കിൽ കേരളമല്ല, ആന്ധ്രയിലെ കർഷകരായിരിക്കും പട്ടിണി കിടക്കുന്നത്. നമ്മൾ അതിലും കൂടിയ വിലയിൽ മറ്റെവിടെനിന്നെങ്കിലും അരി വാങ്ങും. നാം ഇത്രകാലം ആർജിച്ച എല്ലാ കഴിവിനെയും റദ്ദാക്കി കളയുന്നതാണ് ശ്രീനിവാസന്റെ ഈ കൃഷിയെക്കുറിച്ചുള്ള ബോധ്യം.

 

കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന വ്യക്തിയാണ് ശ്രീനിവാസൻ. സിനിമയിലും ജീവിതത്തിലും ഒരേപോലെയാണ് ശ്രീനിവാസൻ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ എന്താണ് ജൈവകൃഷി? ജൈവ വളവും രാസവളും തരം തിരിക്കാനും അതനുസരിച്ചു വളരാനുമുള്ള കഴിവ് വിളകൾക്കുണ്ടോ ? കീടനാശിനികൾ തളിച്ച പച്ചക്കറികളെല്ലാം വിഷമാണോ ? അഥവാ വിഷം ആണെങ്കിൽ തന്നെ അത് തിരിച്ചറിയാനും നിയത്രിക്കാനുമുള്ള സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലേ ?

 

ശരിയായ അളവിൽ ഉപയോഗിക്കുന്ന കീടനാശിനികളും രാസ വളങ്ങളും മനുഷ്യ ശരീരത്തെ യാതൊരു തരത്തിലും ബാധിക്കില്ല , അളവിൽ കൂടുതൽ കിടനാശിനികൾ ഉള്ള പച്ചക്കറിയോ ഫലങ്ങളോ അന്യസംസ്ഥനങ്ങളിൽ നിന്നും എത്തിയാൽ അത് പരിശോധിക്കാനുള്ള ശക്തമായാ സർക്കാർ സംവിധാനങ്ങളാണ് ഇന്ന് നിലവിൽ ഉള്ളത് .ഞാൻ പ്രകാശൻ എന്ന സിനിമ ടിപ്പിക്കൽ മലയാളിയുടെ സ്വഭാവ സവിശേഷതയല്ല കാണിക്കുന്നത് മറിച്ചു മലയാളിയെ സത്യൻ അന്തിക്കാടും ശ്രീനിവാസനും എങ്ങനെ കാണുന്നു എന്നതാണ് കാട്ടിത്തരുന്നത്. ഈ സിനിമ നിർമ്മിക്കുന്ന പൊതുബോധം നാം ഇക്കാലം വരെയും ആർജിച്ചെടുത്ത പുരോഗതിക്കു മുന്നിൽ പിന്തിരിഞ്ഞു നിൽക്കലായിരിക്കും.