08 Jul 2019 00:30 AM IST
ശ്യാമപ്രസാദിന്റെ ഒരു ഞയറാഴ്ച്ച കണ്ടു. ഏറ്റവും നല്ല ഡയറക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ചിത്രമാണത്രെ ഇത് . 80കളിൽ കെ ജി ജോർജ് എടുത്തിട്ടുള്ള മറ്റൊരാൾ എന്ന സിനിമ ഓർമ്മ വന്നു.
ഒരു സ്ത്രീ തന്റെ സ്വസ്ഥമായ മധ്യവർഗ്ഗ കുടുംബജീവിതത്തിൽ നിന്നും ഒരു ദിവസം ദരിദ്രനും സാമൂഹിക പദവിയൊന്നും ഇല്ലാത്തവനുമായ ഒരു മോട്ടോർ മെക്കാനിക്കിനൊപ്പം പോകാൻ തീരുമാനിക്കുന്നു. സാമൂഹ്യ പദവിയും സുരക്ഷിതത്വവും ഉപേക്ഷിച്ചാണ് ആ സ്ത്രീ ആ സ്വസ്ഥ ജീവിതത്തിൽ നിന്നും പടിയിറങ്ങാൻ തീരുമാനിക്കുന്നത്. എന്താണ് കാരണമെന്ന് സിനിമ ഒരിടത്തും പറയുന്നില്ല. മോട്ടോർ മെക്കാനിക്കിന്റെ സ്വഭാവ ദൂഷ്യവും പരസ്ത്രീ ബന്ധങ്ങളും ദാരിദ്യവും, അവരോടുള്ള അവജ്ഞയും, ആ സ്ത്രീയെ സുഹൃത്തിന്റെ ഇടപെടൽ കൊണ്ട് കൂടി ഭർത്താവിനെ കാണുവാനും ഒരു മടക്കത്തിനും പ്രേരിപ്പിക്കുന്നു.
അവർക്കു കുറ്റബോധമുണ്ടോ എന്നത് സിനിമയിൽ പ്രസക്തമാകുന്നില്ല. ഭർത്താവു അവർക്കു കരുതി വച്ച സമ്മാനമാണ് സിനിമയുടെ ക്ലൈമാക്സ് . കടൽത്തീരത്ത് ഭർത്താവും ഭാര്യയും സുഹൃത്തും കണ്ടുമുട്ടാം എന്ന് തീരുമാനിക്കപ്പെടുന്നു. അംബാസിഡർ കാറിനു മുകളിൽ സ്വയം കുത്തി മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ് ആ സ്ത്രീക്ക് കാണാൻ സാധിച്ചത് . ജീവിതത്തിൽ മൂന്നു വട്ടം ആക്രമിക്കപ്പെടുന്ന/ അപമാനിക്കപ്പെടുന്ന ആ സ്ത്രീയുടെ ജീവിതം എഴുതിയത് സി വി. ബാലകൃഷ്ണനാണ്. ശ്യാമപ്രസാദ് ആകട്ടെ 'അബദ്ധസഞ്ചാരിണി'കളായ രണ്ടു സ്ത്രീകളുടെ കഥയാണ് പറയുന്നത്.
രണ്ടു ഭാര്യമാർ, അവരുടെ സ്നേഹ ബന്ധങ്ങൾ, നിരന്തരം വേട്ടയാടുന്ന ഭയവും കുറ്റബോധവും ഇതാണ് "ഒരു ഞാറാഴ്ച " . ഇവരുടെ മാനസിക വിഹ്വലതകൾ ഇവരെ കുടുംബ ഭദ്രതയുടെ സൂക്ഷിപ്പുകാരാക്കുകയും സ്വയം തീരുമാനമെടുക്കാൻ കഴിവില്ലാത്ത ഇവരെ കുടുംബത്തിന്റെ കാവൽക്കാരാക്കി സിനിമ അവരോധിക്കുകയും ചെയ്യുന്നു . ശ്യാമപ്രസാദിന്റെ സിനിമ ഇവരുടെ സമസ്യകൾക്കു ഉത്തരം സുസ്‌ഥിര കുടുംബമാണെന്നു പ്രഖ്യാപിച്ചു. മറ്റെല്ലാ മേഖലകളുമെന്നപോല സിനിമയും പിന്മടക്കത്തിന്റെ പാതയിൽത്തന്നെ.