26 Aug 2019 21:55 PM IST
ഓഗസ്റ്റ് 25 ന് നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ നോസാമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കു (21 -7 ,21 ,7 ) വീഴ്ത്തി ചരിത്രം കുറിച്ച് സ്വർണം കഴുത്തിലണിഞ്ഞപ്പോൾ പി.വി സിന്ധുവിന് അത് അഭിമാന നിമിഷം മാത്രമായിരുന്നില്ല കഴിഞ്ഞ രണ്ടു തോൽവികൾക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു. 2013 ,14 വർഷങ്ങളിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സിന്ധു 2017ൽ ഫൈനലിൽ കടന്നെങ്കിലും ഇപ്പോൾ പരാജയപ്പെടുത്തിയ നോസാമി ഒകുഹാരയ്‌ക്കെതിരെ തോൽക്കുകയായിരുന്നു.
2018ലും തകർപ്പൻ പ്രകടനങ്ങളിലൂടെ ഫൈനലിൽ കടന്നെങ്കിലും സ്പാനിഷ് തരാം കരോലിന മാർട്ടിനോട് തോറ്റുമടങ്ങി. പിന്നീടും പലതവണ ഫൈനലിലെ തോൽവി ആവർത്തിച്ചതോടുകൂടി സിന്ധുവിന്റെ കരിയറിൽ വെള്ളിമെഡലുകൾ കൂടിവന്നു. ഈ തോൽവികൾക്കെല്ലാമുള്ള സിന്ധുവിന്റെ മറുപടിയായിരുന്നു സ്വിറ്റ്സർലൻഡിലെ ഈ ജയം. ലോക റാങ്കിങ്ങിൽ തന്നെക്കാൾ മുന്നിലുള്ള ഒകുഹാരയെ 38 മിനിറ്റിനുള്ളിൽ നിഷ്പ്രയാസം കീഴടക്കിയ സിന്ധു, ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ചു. ഈ വിജയത്തോടുകൂടി ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകളാണ് സിന്ധു സ്വന്തമാക്കിയത്.
സെമിയിൽ ചൈനയുടെ ചെൻ യുഫെയെ 40 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-7 ,21 -14 എന്ന സ്കോറിനു തോൽപിച്ചാണ് സിന്ധു ഫൈനലിൽ എത്തിയത്. തായ്‌ലണ്ടിന്റെ റാറ്റ്ചനോക് ഇന്റാനോണിനെ മറികടന്നായിരുന്നു ഒകുഹാര ഫൈനലിൽ എത്തിയത്. പോരാട്ടത്തിന് ശേഷം ആരാധകരോട് സന്തോഷം പങ്കുവച്ച സിന്ധു കോച്ച് കിം ജി ഹ്യൂനിന്നോടു നന്ദി പറഞ്ഞു. ഇന്നലെ പിറന്നാളാഘോഷിച്ച അമ്മയ്ക്ക് ആശംസ പറയാനും സിന്ധു മറന്നില്ല. വിജയപോരാട്ടത്തിന് ശേഷം പ്രധാനമന്തി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.