Film Review

24 Sep 2019 22:20 PM IST

Suresh Nellikode

ചിരിയുടെ അപകടങ്ങൾ ; ജോക്കർ ഒരു റിവ്യൂ

ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ ജോക്കർ എന്ന പുതിയ അമേരിക്കൻ സിനിമയെക്കുറിച്ച് സുരേഷ് നെല്ലിക്കോട് എഴുതുന്നു

ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേള (2019) യില്‍ അങ്ങേയറ്റം ജനശ്രദ്ധ നേടിയെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു ജോക്കര്‍. റിഡ്‌ലി സ്കോട്ടിന്‍റെ 'ഗ്ലാഡിയേറ്ററി'(2000) ലെ അസാന്മാര്‍ഗ്ഗിയും അധികാരമോഹിയുമായ പിതൃഘാതകനെ ഓര്‍മ്മയുണ്ടോ? കോമഡസ് എന്ന കഥാപാത്രമാണത്. പോള്‍ തോമസ് ആന്‍ഡേഴ്‌സന്‍റെ 'ദ് മാസ്റ്ററി' (2012) ലെ ലോകയുദ്ധപ്പടയാളിയെ ഓര്‍ക്കുന്നുണ്ടാകും ചിലരെങ്കിലും. അയാളാണ്‌ ഫ്രെഡി ക്വെല്‍. ജെയിംസ് മാന്‍‌ഗോള്‍ഡിന്‍റെ 'വാക്ക് ദ് ലൈനി' (2005) ലെ എഴുത്തുകാരനും ഗിറ്റാറിസ്റ്റും പാട്ടുകാരനുമായ ഒരാളെയോ? അതാണ്‌ ജോണി കാഷ്. ഈ ശക്തരായ കഥാപാത്രങ്ങളെയൊക്കെ സമകാലികചലച്ചിത്രലോകത്തിനു കൊടുത്ത വോക്കിന്‍ ഫീനിക്സ് (Joaquin Phoenix) ആണ്‌ റ്റോഡ് ഫിലിപ്‌സിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ജോക്കറി'ലെ ആര്‍തര്‍ ഫ്ലെക് എന്ന 'ജോക്കറാ'വുന്നത്.

 

ആത്മസം‌യമനമില്ലാത്ത ഒരു പാവപ്പെട്ട ഒറ്റയാള്‍‌കോമാളി (Stand-up Comedian) യാണ്‌ ആര്‍തര്‍. അകാലികമായി നിയന്ത്രണം വിട്ടു ചിരിക്കുന്ന, സ്യൂഡോ ബുള്‍ബാര്‍ അഫെക്റ്റ് (Pseudo Bulbar Affect- PBA അഥവാ Pathological laughter) എന്ന മാനസികരോഗത്തിനടിമയാണ്‌ അയാള്‍. ഇത്തരം രോഗികള്‍ ചിലപ്പോള്‍ നിലതെറ്റി അനിയന്ത്രിതമായി കരയുകയും ചെയ്യും. ആര്‍തര്‍ പണത്തിനു വേണ്ടി തെരുവില്‍ കോമാളിയാകും. തെരുവില്‍ പരസ്യപ്പലകകളും പൊക്കിപ്പിടിച്ചു നിന്നു കാഴ്ചക്കാരെ ആകര്‍ഷിക്കാനുള്ള വിദ്യകളൊക്കെ കാണിക്കും. സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ കുട്ടികളേയും രോഗികളെയുമൊക്കെ ചിരിപ്പിക്കാനുള്ള കരാറെടുക്കും.

 

ഒരിക്കല്‍ പരസ്യപ്പലക പിടിച്ചുനില്‍ക്കുമ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ അയാളുടെ ബോര്‍ഡും തട്ടിയെടുത്ത് ന്യൂയോര്‍ക്കിന്‍റെ വൃത്തിഹീനമായ പിന്‍‌തെരുവുകളിലൂടെ ഓടിക്കളഞ്ഞു. അയാള്‍ അവരെ പിന്തുടര്‍ന്ന് പിടികൂടുമ്പോള്‍ കനത്ത മര്‍ദ്ദനത്തിനിരയാവുകയും പരസ്യപ്പലക പൊട്ടിപ്പോകുകയും ചെയ്യുന്നു. ആ പലകയുടെ വില അയാളുടെ തുച്ഛമായ ദിവസക്കൂലിയില്‍ നിന്നു കുറവുചെയ്യുന്നു. ആ ജോലി പോയശേഷം അയാള്‍ ഒരു ശിശുരോഗാശുപത്രിയില്‍ ഹാസ്യപ്രകടനത്തിനു പോയി. അവിടത്തെ പ്രകടനത്തിനിടയില്‍ അയാളുടെ പോക്കറ്റിലുണ്ടായിരുന്ന തോക്ക് നിലത്തുവീണുപോയി. അനധികൃതമായി തോക്കു കൈവശം വച്ചു, ശിശുരോഗാശുപത്രിയിലെ നിയമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചു എന്നീകുറ്റങ്ങളാല്‍ അയാളുടെ ആ ജോലിയും പോയിക്കിട്ടി.

സമനിലതെറ്റി ചിരിക്കാറുള്ളപ്പോഴൊക്കെ അയാള്‍ 'Forgive my laughter' എന്നെഴുതിയ ഒരു കാര്‍ഡ് കീശയില്‍ നിന്ന് എടുത്തുപിടിക്കും. ഈ രോഗം മൂലം അയാളൂടെ സൗഹൃദങ്ങള്‍ ഇല്ലാതാവുകയും അമ്മയിലേയ്ക്ക് മാത്രമായി അത് ഒതുങ്ങുകയും ചെയ്യുന്നു. ചിത്രത്തില്‍ സോഫി എന്ന സ്ത്രീയുമായുള്ള അടുപ്പവും, ആര്‍തറിന്‍റെ പിതൃത്വം അന്വേഷിച്ചുള്ള യാത്രയുമെല്ലാം ഇഴപിരിച്ചു ചേര്‍ത്തിട്ടുണ്ട്.

 

പ്രശസ്തരായ റോബെര്‍ട്ട് ഡെനീറോ, സാസി ബീറ്റ്‌സ്, ഫ്രാന്‍സെസ് കോണ്‍‌റോയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെനീസ് ചലച്ചിത്രോത്സവ (2019) ത്തില്‍ ഏറ്റവു മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡന്‍ ലയണ്‍' പുരസ്കാരം നേടിയത് ജോക്കര്‍ ആണ്‌. അമേരിക്കന്‍ ചലച്ചിത്രരംഗത്തെ അതികായരായ വാര്‍ണര്‍ ബ്രദേഴ്‌സിനാണ് ചിതത്തിന്‍റെ വിതരാണാവകാശം. പ്രശസ്ത നടനായ ബ്രാഡ്‌ലി കൂപ്പര്‍ സം‌വിധായകനോടൊപ്പം നിര്‍മ്മാണത്തില്‍ പങ്കു ചേര്‍ന്നിരിക്കുന്നു.

 

തന്‍റെ ആദ്യചിത്രം ടൊറോന്‍റോ ചലച്ചിത്രോത്സവം തിരസ്ക്കരിച്ചതും, പലപ്രാവശ്യം പിറകേ നടന്നിട്ടും വോക്കിന്‍ ഫീനിക്സ് ജോക്കറിന്‍റെ കരാറിലൊപ്പുവയ്ക്കാതെ ഒരു ദിവസം ഓര്‍ക്കാനേരം കയറിച്ചെന്ന് തന്‍റെ സമ്മതമറിയിച്ച് സമ്മര്‍ദ്ദം കുറച്ചുതന്നതുമെല്ലാം ടിഫി (TIFF 2019) ന്‍റെ വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ റ്റോഡ് ഫിലിപ്‌സ് ഓര്‍മ്മിപ്പിച്ചു. ആര്‍തറിന്‍റെ വേഷത്തിലേയ്ക്ക് പ്രവേശിക്കാന്‍ വോക്കിന്‍ ഫീനിക്സ് 24 കിലോഗ്രാം ഭാരം കുറച്ച രഹസ്യവും, വളരെക്കാലമായി വൃത്തിഹീനമായിക്കിടന്ന ന്യൂയോര്‍ക്ക് നഗരപിന്നാമ്പുറങ്ങള്‍ ജോക്കര്‍ ചിത്രീകരണങ്ങള്‍ക്കുശേഷം നഗരസഭ തിരക്കിട്ടു ശുദ്ധീകരിച്ച വാര്‍ത്തയുമെല്ലാം ടൊറോന്‍റോയിലെ പ്രേക്ഷകരെ രസിപ്പിച്ചു.

 

ഗ്ലാഡിയേറ്ററിലെ കോമഡസിനെ അവതരിപ്പിക്കുമ്പോള്‍ വോക്കിനു പ്രായം ഇരുപത്തഞ്ച്. പത്തുവയസ്സുമുതല്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം അനേകം സമ്മാനങ്ങള്‍ ഇതിനകം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷത്തെ TIFF Tribute Actor പുരസ്ക്കാരം വോക്കിന്‍ ഫീനിക്‌സിനാണ്‌. ഓസ്‌കർ പുരസ്‌ക്കാര നിര്‍ണ്ണയവേളയില്‍ 'ജോക്കര്‍' അതിന്‍റെ ശക്തമായ സാന്നിദ്ധ്യം വിളിച്ചോതുമെന്നുറപ്പാണ്‌.

 


Suresh Nellikode