Open Space

13 Jul 2020 21:20 PM IST

Arjun Philip George

കൊറോണ കാലവും ഭരണഘടനാനീതിയും

സമൂഹത്തിൻറെ ആകെയുള്ള നിലനിൽപ്പിനു മുകളിലല്ല മനുഷ്യൻറെ സ്വാതന്ത്ര്യം എന്ന ഏകാധിപതിയുടെ വാക്കുകൾ നീതിയോടും മനുഷ്യാവകാശത്തോടുമുള്ള വെല്ലുവിളിയാണ്. മനുഷ്യന്റെ സ്വാതന്ത്ര്യം നീതിപൂർവം സംരക്ഷിച്ചുകൊണ്ട് സമൂഹത്തിന്റെ നിലനിൽപ്പ് സാധ്യമാക്കുകയാണ് വേണ്ടത്.

സമൂഹത്തിൽ സ്ഥാനം പിടിക്കാനുള്ള, തങ്ങളുടെ നാമം ചരിത്രത്തിൽ അടയാളപെടുത്താനുള്ള അസുലഭ അവസരങ്ങളോടുള്ള ആഗ്രഹം എന്നും മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ചോദനകളിൽ പ്രധാനപ്പെട്ടതാണ്. പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മനുഷ്യർ പോലും തങ്ങളുടെ പേരുകൾ‍ ചരിത്രത്തിൽ കൊത്തിവെക്കുവാൻ ജീവിതത്തിൽ‍ പലപ്പോഴും സ്വാർത്ഥരാകുന്നത് കാണാം. എന്നാൽ ചരിത്രം അവരെ ഒരിക്കലും സ്വാർത്ഥരായി മുദ്ര കുത്തുകയില്ല. അവരുടെ ആരാധകവൃന്ദവും, പ്രതികരികാത്ത ചോദ്യം ചെയ്യാത്ത ഒരു വലിയ സമൂഹവും അവരുടെ പ്രശസ്തിയുടെ വേരുകൾ ആഴത്തിൽ‍ എത്തിക്കും. അവർ മൂലം അവസരങ്ങൾ നഷ്ടപ്പെട്ട, ജീവിതത്തിന്റെ ഇരുണ്ട വീഥികളിലേക്ക് എറിയപ്പെട്ട മനുഷ്യജന്മങ്ങൾക്കു വേണ്ടി വാദിക്കാൻ ഒരു ന്യായികരണ തൊഴിലാളിയും വരില്ല എന്നതുകൊണ്ട് തന്നെ വിജയിയുടെ മാറ്റ് ചരിത്രത്തിൽ‍ ഒരിക്കലും കുറയാതെ കൊത്തിവെക്കപ്പെടും. ഇത് വിജയിയുടെ കുറ്റം കൊണ്ടോ പരാജിതന്റെ കഴിവുകേട് മൂലമോ അല്ല മറിച്ച് പ്രകൃതിയുടെ ആർക്കും മാറ്റാനാവാത്ത നിയമങ്ങളിൽ ഒന്നാണ് അത്.

 

പുരോഗമനവാദികൾ എന്ന്‍ സ്വയം വിശേഷിപ്പിക്കുന്ന വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായവർ ഈ പ്രക്രതിനിയമത്തോട് തങ്ങൾ കലഹിക്കുന്നു എന്നാണ് സ്വയം കരുതുന്നത്. കവികൾ, ചിന്തകർ‍, നിരുപകർ, ഭരണകർത്താക്കൾ, രാഷ്ട്രിയ വിശ്വാസികൾ‍, മതവിശ്വാസികൾ എന്നിവർ ഈ ഗണത്തിൽ പെടുന്നവരാണ്. വിജയം മാത്രം ലക്ഷ്യമാക്കി രാഷ്ട്രം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുമ്പോൾ രാഷ്ട്രതന്ത്രത്തിന്റെ അല്ലെങ്കിൽ രാഷ്ട്രീയ ചേരികളുടെ ന്യായീകരണ തൊഴിലാളി മാത്രമായ പൗരന് അവന്റെ മാനുഷികമായ അവകാശങ്ങളും ബോധങ്ങളും നഷ്ടമാകുന്നു. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി നിശ്ശബ്ദം ബലി കഴിക്കപ്പെടുന്ന ലക്ഷകണക്കിന് മനുഷ്യജന്മങ്ങളെ രാഷ്ട്രസ്നേഹം തുളുമ്പുന്ന അഭിനവപൗരൻ‍ അവഗണിക്കുന്നു. ജീവിതത്തിൽ‍ അനുഭവങ്ങളെല്ലാം തന്നെ രാഷ്ട്രിയം ആണെങ്കിൽ കൂടി രാഷ്ട്രിയത്തിനുപരി മാനുഷികമായി ചിന്തിക്കുവാനുള്ള കഴിവാണ് പരിഷ്കൃത മനുഷ്യനെ മൂല്യബോധമില്ലാത്ത ഇന്നലകളിൽ നിന്ന്‍ വ്യത്യസ്തനാക്കുന്നത്. എന്നാൽ രാഷ്ട്രിയ ചേരികളിൽ തളക്കപെട്ട ബലിമൃഗങ്ങൾക്ക് അപ്പുറം ഇന്നത്തെ പൗരന്മാരിൽ ബഹുപൂരിപക്ഷവും വളരാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് നഗ്നസത്യം. ഭരണകൂടത്തിനും രാഷ്ട്രിയ മേലാളന്മാർക്കും ഇങ്ങനെ തന്നെയാണ് സമുഹത്തെ നിലനിർത്തേണ്ടതും. രാജാവ് നഗ്നനാണ് എന്ന സത്യം വിളിച്ചുപറയാൻ കെല്പുള്ള വ്യക്തികളുടെ ശോഷണം ഇതുമൂലം സമൂഹത്തിൽ‍ ഉണ്ടാകുന്നു. താല്ക്കാലിക വിജയം മാത്രം ലക്ഷ്യമാക്കി മൂല്യങ്ങളില്ലാതെ രാഷ്ട്രീയം പ്രവർത്തിക്കുമ്പോൾ അതിനായി ഇരയാകേണ്ടി വരുന്ന ബഹുഭൂരിപക്ഷത്തിന്റെ കണ്ണുനീർ സാമൂഹത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ പിന്നോക്കം വലിക്കുന്നു. ഇവിടെയാണ് ഭരണഘടന എന്ന വേദപുസ്തകം പ്രസക്തമാകുന്നത്.

 

നീതി എന്ന മൂല്യമാണ് സ്വാതന്ത്ര്യത്തിനും സമത്വം എന്ന സ്വപ്നത്തിനും ഉപരിയായി പ്രധാനം എന്ന്‍ ഭരണഘടന വ്യക്തമായി പറയുന്നു. ഇല്ലാത്തവനെയും വിജയത്തിനായി കാലാകാലങ്ങളായി തള്ളിക്കളയപ്പെട്ടവനെയും കരുതണം എന്നത് ഏറ്റവും പ്രധാനപെട്ട മൂല്യം ആയി ഭരണഘടന ഉയർത്തിക്കാണിക്കുന്നു. ഇതാണ് ഇന്ന്‍ സമൂഹത്തിൽ നടമാടുന്ന അനീതികളിൽ പലതും ഭരണഘടനയുടെ അടിസ്ഥാനത്തിൽ‍ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ കാരണം. തള്ളിമാറ്റപ്പെട്ടവൻ എന്ന തോന്നലുള്ളവന് നീതി ലഭിക്കാനുള്ള അവസാന ആശ്രയം ആണ് ഭരണഘടന. എന്നാൽ പലപ്പോഴും ഭരണഘടനയും വിജയിയുടെ പക്ഷം പിടിക്കുന്നതായി മാറാറുണ്ട്. കോവിഡ്-19 പോലുള്ള മഹാമാരികളുടെ പശ്ചാത്തലത്തിൽ ഈ നിഗമനത്തിന് പ്രസക്തിയേറുന്നുണ്ട്.

 

മനുഷ്യജീവിതത്തിൽ ജീവനോളം പ്രധാനമായി മറ്റെന്തുണ്ട്? ജീവനെക്കാൾ പ്രധാനം അവകാശം എന്ന് പറഞ്ഞു കൊണ്ട് നമ്മൾ ഇരുന്നാൽ അവകാശങ്ങൾ ആസ്വദിക്കുവാൻ നമുക്ക് ആവശ്യമായിരിക്കുന്ന ജീവൻ നമുക്ക് നഷ്ടമാകും എന്നാണ് കോടതികൾ പോലും ഇന്ന് പറയുന്നത്. അമേരിക്ക പോലെയുള്ള, പൗരന്റെ സ്വാതന്ത്ര്യ ബോധത്തിന് വളരെയധികം മൂല്യം കല്പിക്കുന്നു എന്ന് കരുതുന്ന വികസിതരാജ്യങ്ങൾ മനുഷ്യൻറെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രം മുൻനിർത്തി കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അറച്ചു നിന്നതുമൂലം അവിടുത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ജീവൻ തന്നെ നഷ്ടമായതിന്റെ കഥ പറഞ്ഞ് ഈ കൊറോണ കാലത്ത് പാർശ്വവത്കൃത ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള അധികാരവർഗ്ഗത്തിന്റെ നീക്കങ്ങളും, ഭരണകർത്താക്കൾക്ക് ഒപ്പം ചേർന്ന് നിന്നുകൊണ്ട് പലപ്പോഴും നീതിപീഠവും ഇത്തരം നിസ്സഹായരുടെ രോദനത്തെ അവഗണിക്കുന്നതും നമ്മൾ ഇന്ന് കാണുന്നു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ ചില മനുഷ്യർ അവരുടെ ജീവനെക്കാൾ ആരാധനാ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കിയെന്ന പേരിൽ ന്യൂനപക്ഷ മതസമുദായങ്ങൾക്ക് എതിരെ ലോകം മുഴവൻ ഒറ്റപ്പെടുത്തലുകളുടെ സ്വരം മുഴങ്ങുമ്പോഴും നീതി പീഠങ്ങൾ മൗനം പാലിക്കുന്നത് കാണാം. അതിഥിതൊഴിലാളികൾ വഴിയിൽ മരിച്ചുവീഴുന്നതിലേക്കും, തബ്‌ലീഗി ജമാത്തിനെ ചൊല്ലി മുസ്ലിമുകൾക്ക് എതിരെ നടക്കുന്ന സംഘം ചേർന്നുള്ള അക്രമണങ്ങളിലേക്കും ബഹുമാനപെട്ട പരമോന്നത നീതിപീഠത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വന്ന പൊതുതാൽപര്യ ഹർജികൾ പരിഗണിക്കാതെ പോയത് കോടതിയുടെ നീതിബോധത്തിൽ പ്രകടമാകുന്ന വ്യതിയാനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.

 

സമൂഹത്തിൻറെ മൊത്തത്തിലുള്ള നന്മയാണ് നിയമം ലക്ഷ്യം വെയ്ക്കുന്നത്. ഓരോ വ്യക്തിയും ഭൂരിപക്ഷവും ഒപ്പം ന്യൂനപക്ഷങ്ങളും ചേരുന്നതാണ് സമൂഹം എന്ന് നാം പലപ്പോഴും മറക്കുന്നു. സമൂഹത്തിൻറെ ആകെയുള്ള നിലനിൽപ്പിനു മുകളിലല്ല മനുഷ്യൻറെ സ്വാതന്ത്ര്യം എന്ന ഏകാധിപതിയുടെ സ്വരമല്ല കോടതികൾ മുഴക്കേണ്ടത് മറിച്ച്, മനുഷ്യന്റെ സ്വാതന്ത്ര്യം നീതിപൂർവം സംരക്ഷിച്ചുകൊണ്ട് സമൂഹത്തിന്റെ നിലനിൽപ്പ് സാധ്യമാക്കുകയാണ് വേണ്ടത്. 'ജീവനോ ജീവന്റെ അവകാശങ്ങളോ ഏതാണ് കൂടുതൽ മൂല്യമേറിയത് എന്ന ചോദ്യം ഉയർന്നാൽ 'അവകാശങ്ങളോടു കൂടിയ ജീവൻ ' എന്നു പറയാൻ നമുക്കു സംശയം ഉണ്ടായിക്കൂട. സമാനമായ സാഹചര്യത്തിൽ ന്യൂനപക്ഷ മതസമുദായങ്ങൾക്ക് എതിരെ ലോകം മുഴവൻ ഒറ്റപ്പെടുത്തലുകളുടെ സ്വരം മുഴങ്ങുമ്പോളും നീതി പീഠങ്ങൾ മൗനം പാലിക്കുന്നത് കാണാം. 

 

ഈ ജീവിതവും അവകാശങ്ങളും ഒന്നുമില്ലായ്മയിൽ നിന്നും നരകയാതന സഹിച്ച് നമ്മുടെ പൂർവികർ കെട്ടിപ്പടുത്തതാണ്. നീതി ഏത് അടിയന്താരാവസ്ഥ കാലത്തും മനുഷ്യന്റെ അവകാശമാണ് എന്ന് നാം മനസ്സിലാക്കണം.സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവകാശബോധം എന്നും അപൂർണവും അചഞ്ചലവുമായ ഒരു വസ്തുതയാണ്. പൗരവകാശങ്ങളെയും അടിസ്ഥാന മനുഷ്യവകാശങ്ങളെയും അർഹിക്കുന്ന പ്രധാന്യത്തോടുകൂടി ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം ഭരണകൂടത്തിന് നേതൃത്വം നൽകുകയും അതിനുതകുന്ന ഒരു മൂല്യസംഹിതയിൽ അടിയുറച്ച നീതി ബോധത്തിൽ നിലകൊള്ളുന്ന ഒരു നീതിന്യായവ്യവസ്ഥ ഒപ്പം ചേരുകയും ചെയ്യുമ്പോഴാണ് ഏതൊരു പ്രതിസന്ധിയുടെ കാലഘട്ടത്തിലും അവകാശസംരക്ഷണത്തിന്റെ വിളക്കുമാടം തെളിഞ്ഞു കത്തുന്നത്. ഓർക്കുക, ഭരണഘടനയ്ക്കും നിയമങ്ങൾക്കും അവകാശങ്ങളെയും ചുമതലകളെയും കടലാസിൽ പ്രഖ്യാപിക്കുവാൻ മാത്രമേ സാധിക്കുകയുള്ളു. അവ അവകാശപ്പെട്ടവന് അനുശാസിക്കപ്പെട്ട അളവിൽ അനുഭവവേദ്യമാക്കുന്നത് സുശക്തമായ ഒരു നീതിന്യായ സംവിധാനവും ഭരണകൂട വ്യവസ്ഥയും ചേർന്നാണ്.


Arjun Philip George