Film Review

23:15 PM IST

പുകവലിക്ക് ബദൽ ചുംബനം

അനിയത്തിപ്രാവുകൾക്ക് എക്കാലത്തും കേരളീയ സമൂഹത്തില്‍ വലിയ സാധ്യതയുണ്ടെന്നിരിക്കെ, കുടുംബപ്രേക്ഷകർ തീവണ്ടിയെ സ്വീകരിച്ചതില്‍ അദ്ഭുതമില്ല.

അനിയത്തിപ്രാവുകൾക്ക് എക്കാലത്തും കേരളീയ സമൂഹത്തില്‍ വലിയ സാധ്യതയുണ്ടെന്നിരിക്കെ, കുടുംബപ്രേക്ഷകർ തീവണ്ടിയെ സ്വീകരിച്ചതില്‍ അദ്ഭുതമില്ല. അനുസരണയുള്ള കുട്ടികള്‍, മുതിർന്നവരെ ബഹുമാനിക്കല്‍, ഭാര്യാ ഭർതൃബന്ധത്തിന്റെ പവിത്രത, പരസ്ത്രീയോട് തോന്നുന്ന ഇഷ്ടം തെറ്റാണെന്ന തിരിച്ചറിവില്‍ കുടുംബത്തിലേക്കു മടങ്ങുന്ന നായകന്‍, കുടുംബത്തെ രക്ഷിക്കാന്‍ ചെയ്ത കൊലപാതകം നിയമത്തിനു മുന്നില്‍ മറച്ചുവെക്കുന്നതിനുള്ള മധ്യവർഗ്ഗ കുടുംബ യുക്തികള്‍. ഇത്തരത്തില്‍, കുടുംബത്തിന്റെ നിലനില്‍പ്പാണ് - അതെത്ര തന്നെ മലീമസമായാലും – സാമൂഹികമായ ആവശ്യം എന്ന ധാരണയിലൂടെയാണ് മലയാളത്തില്‍ സിനിമകള്‍ നിർമ്മിക്കപ്പെടുന്നത്.

 

തൂവാനത്തുമ്പികളിലെ നായകനെപ്പോലെ ദ്വന്ദവ്യക്തിത്വംആണ് മലയാളി പുരുഷന്റെ സ്വത്വം. ജാതിമതാഭിമാനവും, ജാതിനിയമങ്ങൾക്കനുസരിച്ച ജീവിതക്രമവും, സ്വജാതിയില്‍ പിറന്ന കുട്ടികളും. തന്റെ മോഹങ്ങൾക്കും കാമനകൾക്കും “വേലി ചാട്ട”ങ്ങൾക്കുമായി രഹസ്യവും നിഗൂഢവും ചൂഷണാധിഷ്ടിതവുമായ മറ്റൊരു ജീവിതവും. ഈ രഹസ്യജീവിതം പരസ്യമാവുന്നതോടെ മാത്രമാണ് ഇവര്‍ സാമൂഹിക ജീവിതക്രമത്തിനു പുറത്താവുന്നത്, അപ്പോള്‍ മാത്രമാണ് സദാചാരത്തിന്റെ അതിര്‍വരമ്പുകളെ കുറിച്ചും, സ്വകാര്യതയുടെ അവകാശങ്ങളെ കുറിച്ചും സമൂഹം വാചാലരാവുന്നത്. ജിത്തു ജോസഫിന്റെ സിനിമകൾ ഇത്തരത്തില്‍ സദാചാര ഘോഷണങ്ങളായി നവസിനിമകളുടെ കൂട്ടത്തില്‍ മുന്നില്‍ നിൽക്കുന്നു. കേരളീയ ജനത അവ ഏറ്റെടുക്കുന്നു.

 

തീവണ്ടിയും ഈ സദാചാര ചട്ടക്കൂടുകള്‍ക്കകത്തുതന്നെ നിർമ്മിക്കപ്പെട്ടതാണ്. എന്നാല്‍ ഇവിടെ ഒരു സദാചാരം,മറ്റൊരു സദാചാരലംഘനത്തിനു എതിരായി നില്ക്കു ന്നു – പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്ന സദാചാരവും ചുണ്ടുകള്‍ ചേർത്ത ചുംബനമെന്ന സദാചാര ലംഘനവും നേർക്കുനേര്‍ വരുന്നു, നിലനിർത്തുന്നു. പുകവലിക്ക് പകരം ചുംബനം എന്ന സമവാക്യം. മലയാളി പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന പ്രതിസന്ധി ചെറുതല്ല. പ്രത്യേകിച്ച്, കുടുംബവുമായി വന്നു സിനിമകാണുന്നവരെ.

 

ഈ സിനിമയുടെ രണ്ടാമത്തെ പ്രത്യേകതയും മധ്യവർഗ്ഗ കുടുംബത്തിനു സ്വീകാര്യമോ പ്രചോദകമോ ആവാനിടയില്ല. സിനിമ പറയുന്നത് മധ്യവർഗ്ഗത്തിന്റെ ഭാഷയില്‍ ‘വെറുതെ’ ജീവിക്കുന്ന ഉത്കർഷേച്ഛയില്ലാത്ത മനുഷ്യരുടെ കഥയാണ്. ഇതെന്തുകൊണ്ടും കൂടുതല്‍ പണം സ്വരൂപിച്ച് പരസ്പരം മത്സരിച്ചുജീവിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന മധ്യവർഗ്ഗത്തെ ക്ഷീണിപ്പിക്കുന്നത് തന്നെ. എന്നാൽ പുകവലിക്ക് ബദലായി ചുംബനത്തെ നിര്‍ത്തുന്ന സിനിമ വിജയിച്ചെങ്കില്‍ അതൊരു മോശമല്ലാത്ത സൂചനയല്ലേ? ആ അർത്ഥത്തില്‍ സദാചാര ജനക്കൂട്ടത്തെ പ്രതിസന്ധിയിലാക്കിയ സിനിമയുമാണ് തീവണ്ടി.